niyas abdul kareem. Powered by Blogger.
RSS

Sunday, July 31, 2011

നിയ്യത്ത്

നോമ്പിന്റെ രണ്ട് ഫര്‍ളുകളില്‍ ഒന്നമാത്തെതാണ് നിയ്യത്ത്.
ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതും ആസക്തികള്‍ നിയന്ത്രിച്ചു നിര്‍ത്തുന്നതും അല്ലാഹുവിനു വേണ്ടിയാന്നെന്നു കരുതലുണ്ടെങ്കില്‍ മാത്രമേ അതിനു നോമ്പ് എന്ന പരിഗണനയുള്ളൂ. ഇല്ലെങ്കില്‍ വെറും ഉപവാസമായി പോകും.


നിയ്യത്തിന് ഏറ്റവും അനുയോജ്യമായ സമയം രാത്രിയാണ്. "രാത്രി നിയ്യത്ത് ചെയ്യാത്തവന് നോമ്പ് ഇല്ല"  എന്ന് നബി (സ) അരുള്‍ ചെയ്തതായി ഹദീസ് രേഘപ്പെടുത്തിയിട്ടുണ്ട്.
നിയ്യത്ത് ചെയ്തതിനു ശേഷം സുബഹിക്ക് മുമ്പ് ഭക്ഷണം കഴിക്കുകയോ, സംയോഗത്തിലെര്‍പ്പെടുകയോ ചെയ്യുന്നതില്‍ പ്രശ്നമില്ല. എന്നാല്‍ സംയോഗം ചെയ്തവര്‍ സുബഹിക്ക് മുമ്പ് കുളിക്കല്‍ ഉത്തമമാണ്. കുളിച്ചില്ലെങ്കിലും നോമ്പിനു കുഴപ്പം സംഭവിക്കില്ലയെങ്കിലും സുബഹി നമസ്കരിക്കണമെങ്കില്‍ കുളി കൂടിയേ തീരൂ.



ഈ കൊല്ലത്തെ ഫര്‍ളാക്കപ്പെട്ട റമദാന്‍ മാസത്തിലെ നാളത്തെ നോമ്പിനെ അല്ലാഹുവിനു വേണ്ടി അദാ ആയി, നോല്‍ക്കുന്നതിനു ഞാന്‍ കരുതി. 
ഇതാണ് നിയ്യത്തിന്റെ സര്‍വ്വ സാധാരണമായ രൂപം. 



ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


ഓരോ ദിവസത്തെ നോമ്പിനും നിയ്യത്ത് വെക്കേണ്ടതാണ്. എല്ലാ നോമ്പിനും കൂടി ആദ്യ ദിവസം തന്നെ  നിയ്യത്ത് ചെയ്‌താല്‍ മതിയാവില്ല.


വായ കൊണ്ട് പറഞ്ഞാല്‍ മാത്രം പോര., മനസ്സില്‍ ഉറപ്പിക്കുന്നതിനാണ് നിയ്യത്ത് എന്ന് പറയുന്നത്. അത് കൊണ്ട് നോമ്പ് എടുക്കുന്നുവെന്ന് മനസ്സില്‍ ഉറപ്പിച്ചു കൊണ്ട് നിയ്യത്ത് ചെയ്യുക.


രാത്രി നിയ്യത്ത് ചെയ്തിരുന്നോ എന്ന് പകല്‍ സംശയം വന്നാല്‍, അത് ഉച്ചക്ക് മുമ്പായി ബോധ്യം വന്നില്ലെങ്കില്‍ നോമ്പ് നിഷ്ഫലമാകുന്നതാണ്. ആ നോമ്പ് പിന്നീട് ഖളാഹ് വീട്ടണം. ( ഉച്ചക്ക് മുമ്പ് ബോധ്യമായാല്‍ പ്രശ്നമില്ല ).


ആരെങ്കിലും നിയ്യത്ത് വെക്കാന്‍ മറന്നു പോവുകയാണെങ്കില്‍ അവര്‍ നോമ്പ് കാരനെ പോലെ കഴിയേണ്ടതാണ്. പിന്നീട് ഖളാഹ്  വീട്ടുകയും ചെയ്യണം.
















നോമ്പ് നിര്‍ബന്ധമായവര്‍

ഹിജ്റ രണ്ടാം വര്‍ഷം ശഹബാന്‍ മാസത്തിലാണ് "റമദാന്‍ നോമ്പ് " നിര്‍ബന്ധമാക്കപ്പെട്ടത്‌. അതിനു മുമ്പ് മുഹറം പത്തിന് നോമ്പ് നിര്‍ബന്ധമാക്കിയിരുന്നെങ്കിലും പിന്നീട് സുന്നത്തായി മാറ്റുകയായിരുന്നു. 

പ്രായപൂര്‍ത്തിയും ബുദ്ധിയും ശുദ്ധിയുമുള്ള എല്ലാ മുസ്ലിമുകള്‍ക്കും നോമ്പ് നിര്‍ബന്ധമാണ്‌. 

കുട്ടികള്‍ക്ക് നോമ്പ് നിര്‍ബന്ധമില്ലെങ്കിലും രക്ഷിതാക്കള്‍ അവരെ നോമ്പ് എടുക്കുന്നതിനു പ്രാപ്തനാക്കേണ്ടാതാണ്. ഏഴു വയസ്സായ കുട്ടിയോട് നോമ്പ് എടുക്കാന്‍ കല്‍പ്പിക്കുകയും പത്ത് വയസ്സായാല്‍ നോമ്പ് എടുക്കാന്‍ വിസമ്മതിക്കുന്ന പക്ഷം തല്ലുകയും ചെയ്യണം.

സ്ത്രീകള്‍ക്ക് ആര്‍ത്തവ കാലങ്ങളില്‍ നോമ്പ് എടുക്കല്‍ നിഷിദ്ധമാണ്. ( എന്നാല്‍ ആ ദിവസങ്ങളിലെ നോമ്പ് പിന്നീട് എടുത്തു വീട്ടണം).

ഭ്രാന്തുള്ളവര്‍ക്ക് ( ബുദ്ധി ഇല്ലെന്ന കാരണത്താല്‍ ) നോമ്പ് നിര്‍ബന്ധമില്ല.

അനുവദനീയമായ ദൂരയാത്രയില്‍ ( 82 മൈല്‍ ദൂരത്തിലധികം ) ഏര്‍പ്പെട്ടവര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല. ( എന്നാലും ആ ഘട്ടത്തിലും നോമ്പ് ഉപേക്ഷിക്കാതിരിക്കുന്നതാണ് ഉത്തമം. നോമ്പ് എടുക്കാത്തവര്‍ പിന്നീടത്‌ വിട്ടണം ).

രോഗികള്‍ക്ക് ബുദ്ധിമുട്ടെങ്കില്‍ നോമ്പ് ഉപേക്ഷിക്കല്‍ അനുവദനീയമാണ്. പക്ഷേ പിന്നീടത്‌ ഖളാഹ് വീട്ടണം. മാറാരോഗമോ, പ്രായാധിക്യമോ മൂലം അസഹ്യമായ ബുദ്ധിമുട്ടുണ്ടെങ്കില്‍ നോമ്പ് ഉപേക്ഷിക്കുകയും പകരം ഓരോ നോമ്പിനും ഒരു മുദ്ദ അരി ( 800 മില്ലി ഗ്രാം ) ദാനം നല്‍കണം. ഒരു മുദ്ദ  അരി ഒന്നിലധികം പേര്‍ക്ക് വീതിച്ച് നല്‍കരുത്. അരി ഉപയോഗിക്കാത്ത നാട്ടില്‍, സര്‍വ്വ സാധാരണയായി ഉപയോഗിക്കുന്ന ഭക്ഷ്യ ധാന്യമാണ്‌ കൊടുക്കേണ്ടത്. 

ഗര്‍ഭിണികളും മുലയൂട്ടുന്നവരും സ്വന്തം ശരീരത്തിനോ, ശിശുവിനോ, രണ്ടു പേര്‍ക്കും കൂടിയോ ബുദ്ധിമുട്ടുണ്ടാകുമെന്ന് തോന്നിയാല്‍ ( ജീവനോ നഷ്ട്ടപ്പെട്ടുമെന്നോ മറ്റോ ) നോമ്പ് ഉപേക്ഷിക്കാവുന്നതാണ്. പിന്നീടത്‌ ഖളാഹ്  വീട്ടിയാല്‍ മതിയാകും. കുട്ടിയുടെ മാത്രം കാര്യത്തിനാണ് നോമ്പ് ഉപേക്ഷിച്ചതെങ്കില്‍ ഖളാഹ് വീട്ടുന്നതിനു പുറമേ ഒരു മുദ്ദ അരി ദാനം നല്‍കേണ്ടതാണ്.









റമദാന് സ്വാഗതം

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളുടെ പ്രവാഹവുമായി ഒരു റമദാന്‍ കൂടി വന്നെത്തുകയായി. ഈ സുന്ദരവേളയില്‍ മനസ്സും ശരീരവും ചുറ്റുപാടുകളും റമദാന്റെ ആഗമനത്തിനുവേണ്ടി ശുഭ്രസുന്ദരമാക്കി വെക്കുന്ന വിശ്വാസികളുടെ ആനന്ദാനുഭൂതികള്‍ അനിര്‍വചനീയമാണ്. രക്ഷിതാവിന്റെ കാരുണ്യ പ്രവാഹം ഏറ്റുവാങ്ങി ആത്മീയ സുദ്ധിക്കായി ഹൃദയമൊരുക്കി കാത്തിരിക്കുന്ന വിശ്വാസികള്‍ നിര്‍ബന്ധമായും ആലോചിരിക്കേണ്ട ഒരു കാര്യമുണ്ട്. കഴിഞ്ഞ തവണ ഇതുപോലെ റമദാനെ വരവേറ്റവരില്‍ ഇന്നെത്ര പേരുണ്ട് നമ്മോടൊപ്പം. നമുക്ക് പരിചിതമായ മുഖങ്ങളിലേക്ക് കണ്ണോടിച്ചാല്‍ കഴിഞ്ഞ റമദാനില്‍ നമ്മോടൊപ്പം നോമ്പ് എടുത്തും, ഇഹ്തികാഫില്‍ മുഴുകിയും, താറാവിഹ് നമസ്കരിച്ചും, ഇഫ്താര്‍ വിരുന്നുകളിലും മറ്റും സജീവമായി പങ്കെടുത്തും റമദാനെ സ്വീകരിച്ചവരില്‍ പലരും ഇന്ന് നമ്മോടൊപ്പമില്ല. അവരുടെ കബറിടം അല്ലാഹു സ്വര്‍ഗ്ഗ പൂങ്കാവനമാക്കി മാറ്റുകയും, ശാന്തിയും സമാധാനവും നല്‍കുകയും ചെയ്യുമാറാകട്ടെ. ആമീന്‍.

ആരാധനയുടെ വസന്തമായ റമദാന് സ്വാഗതം..! പാപമോചനത്തിന്റെ മാസമാണിത്. റമദാനില്‍ അല്ലാഹു തന്റെ അടിമകള്‍ക്കായി സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറന്നിടുകയും നരകത്തിന്റെ വാതിലുകള്‍ അടക്കുകയും ചെയ്തിരിക്കുന്നു. പിശാചുകളെ പിടിച്ചു കെട്ടുകയും, സത്കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്ക് മറ്റ് മാസത്തേക്കാള്‍ ഇരട്ടി പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. നമ്മള്‍ ഒരു കാര്യം തീര്‍ച്ചയായും ചിന്തിക്കേണ്ടതുണ്ട്. അടുത്ത റമദാന്‍ മാസത്തെ എതിരേല്‍ക്കാന്‍ നാം ഉണ്ടാകുമോ എന്നുറപ്പില്ല. അങ്ങിനെയൊരു ഭാഗ്യം അല്ലാഹു നമുക്ക് നല്‍കുമോ എന്ന കാര്യം നിശ്ചയമില്ല.അല്ലാഹു പറയുന്നു " ഒരു നഫ്സിനെയും അവധിയെത്തിയാല്‍ അല്ലാഹു പിന്തിക്കുന്നതല്ല" ആയതിനാല്‍ ഇനിയും ഒരവസരം ലഭിച്ചേക്കില്ല എന്ന കാര്യം മനസ്സിലോര്‍ത്ത് കൊണ്ട് ഇപ്പോള്‍ കൈവന്നിരിക്കുന്ന അവസരം മുതലെടുക്കുക. ഫര്‍ളുകളും സുന്നത്തുകളും പരമാവധി വര്‍ധിപ്പിക്കുക. കൂടാതെ ഈ മാസത്തില്‍ നമ്മുക്കെന്തെല്ലാം സത്കര്‍മ്മങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കുകയും അതു പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഈ മാസത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും തസ് ബിഹ് ചൊല്ലുകയും ചെയ്യുക. 

മനുഷ്യന് ആസ്വാദ്യകരവും ആനന്ദകരവുമായ താത്പര്യങ്ങളെ നിയന്ത്രിച്ച്‌ ആത്മ സംയമനം ഉള്‍കൊള്ളുന്നതിലാണ് നോമ്പിന്റെ മഹത്വം കുടികൊള്ളുന്നത്. ശാരീരിക ചലനങ്ങളിലും മാനസിക വ്യവഹാരങ്ങളിലും ഈ നിയന്ത്രണം ഉണ്ടായിരിക്കണം. അനാവശ്യങ്ങള്‍ പറയുകയോ പ്രവര്‍ത്തിക്കുകയോ ചിന്തിക്കുകയോ ചെയ്യരുത്. എങ്കില്‍ മാത്രമേ നോമ്പിന്റെ ഗുണം ലഭിക്കൂ. "കുറ്റകരമായ വാക്കുകളും പ്രവര്‍ത്തിയും ഉപേക്ഷിക്കാതെ നോമ്പ് എന്ന പേരില്‍ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിനു താത്പര്യമില്ല". ആയതിനാല്‍ നോമ്പിന്റെ പവിത്രത കളഞ്ഞു കുളിക്കാതെ, വളരെ സൂക്ഷ്മതയോടു കൂടി നോമ്പ് എടുക്കുക.

"ശഹബാന്‍ മാസം വരെ തെറ്റുകള്‍ ചെയ്തവരെ..., നിങ്ങള്‍ക്കിതാ നോമ്പിന്റെ മാസം തണലായി വന്നിരിക്കുന്നു. അതിനെ കൂടി പാപത്തിന്റെ മാസമാക്കാതെ സൂക്ഷിക്കുക."
റമദാനെ അതര്‍ഹിക്കുന്ന ആദരവോടെ ഉള്‍ക്കൊള്ളാനും പാപമോചനത്തിനും നരകമോക്ഷത്തിനും ഉതകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്ത് അതിനെ ധന്യമാക്കുവാനും അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ... ആമീന്‍.

Saturday, July 30, 2011

റമദാന്‍

ഇസ്‌ലാം മതത്തിന്റെ പഞ്ച-സ്തംഭങ്ങളില്‍ നാലാമത്തേതും, ഇസ്ലാമിക വിശ്വാസപ്രകാരം പുണ്യമാക്കപ്പെട്ടതും അനുഗ്രഹീതവും, ഭക്തിനിര്‍ഭരവും, ശാരീരികമായും മാനസികമായും ഗുണപരവുമായ മാസമാണ് റമദാന്‍. ഹിജ്റ വര്‍ഷത്തില്‍ ഒമ്പതാമത് മാസമാണ് റമദാന്‍. മാസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമാക്കപ്പെട്ടതും ഈ പുണ്യമാസം തന്നെ. പരിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ടതും ഈ മാസത്തിലാണ് എന്നത് ഈ മാസത്തിനു അല്ലാഹു നല്‍കിയ മഹത്വത്തെ വെളിവാക്കുന്നു.
  
     
" സത്യവിശ്വാസികളെ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പ്പിച്ചിരിക്കുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത് " - വിശുദ്ധ ഖുര്‍ആന്‍.



" ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനമായികൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ച് കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായികൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അത് കൊണ്ട് നിങ്ങളില്‍ ആര് ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വൃതമനുഷ്ടിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും നോമ്പ് എടുക്കേണ്ടതാണ്. നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം പ്രകീര്‍ത്തിക്കുവാനും, നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പ്പിച്ചിട്ടുള്ളത്‌ )." - വിശുദ്ധ ഖുര്‍ആന്‍. 



ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് റമദാന്‍ നോമ്പ്. പ്രഭാതം (ഫജരു സ്വാദിക്ക് ) മുതല്‍ അസ്തമയം വരെ നോമ്പ് മുറിയുന്ന കാര്യങ്ങളെ തൊട്ട് വെടിഞ്ഞു നില്‍ക്കുക എന്നതാണ് നോമ്പ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രായപൂര്‍ത്തി, ബുദ്ധി, ശുദ്ധി, നോമ്പിന്റെ മേല്‍ കഴിവാകല്‍ എന്നിവ ഒത്തുകൂടലാണ് നോമ്പിന്റെ ശര്‍ത്ത്. വകതിരിവായ കുട്ടികളോട് രക്ഷിതാക്കള്‍ നോമ്പ് എടുക്കാന്‍ കല്‍പ്പിക്കുകയും, പത്ത് വയസ്സുകാരന്‍ നോമ്പ് എടുത്തില്ലെങ്കില്‍ തല്ലുകയും വേണം. 



ശരീര പീഡനമല്ല നോമ്പിന്റെ ഉദ്ദേശ്യം. ആത്മസംസ്കരണവും ശരീര സംരക്ഷണവുമാണ്. നമ്മുടെ മനസ്സിന്റെ ആന്തരതലങ്ങളില്‍ ദുര്‍ബോധനങ്ങള്‍ കൊണ്ട് സ്പോടനം സൃഷ്ടിക്കുന്ന ഇബ്ലീസിനെ പ്രതിരോധിക്കാന്‍ ഏറ്റവും ശക്തമായ ഉപാധിയാണ് നോമ്പ്.  


ഒരിക്കല്‍ നബി (സ) അരുളി; "മനുഷ്യ ഹൃദയങ്ങള്‍ക്ക്‌ ചുറ്റും ഇബ്ലീസിന്റെ വലയമുണ്ടായിരുന്നെങ്കില്‍ പ്രപഞ്ചത്തിന്റെ നിഗൂഡ തലങ്ങള്‍ നോക്കി കാണാന്‍ അവര്‍ക്ക് കഴിയുമായിരുന്നു. അതിനാല്‍ വിശപ്പ്‌ (നോമ്പ്) കൊണ്ട് അവന്റെ(പിശാചിന്റെ) പ്രവേശന മാര്‍ഗം നിങ്ങള്‍ അടക്കുക." 


മനുഷ്യന്‍ ചെയ്യുന്ന പാപങ്ങളെതും അവന്റെ ആത്മവിശുദ്ധിക്ക് കോട്ടം വരുത്തും. ഓരോ പാപവും കറുത്ത പുള്ളിയായി ഹൃദയത്തില്‍ പതിയും. അതിന്റെ എണ്ണം വര്‍ദ്ധിക്കുംതോറും അവന്റെ  മനസിലെ പ്രകാശം അണഞ്ഞു കൊണ്ടിരിക്കും. അവസാനം മനുഷ്യന്‍ പിശാചിനെ അനുഗമിക്കുന്ന അവസ്ഥയില്‍ നിന്നും പിശാച് മനുഷ്യനെ അനുഗമിക്കുന്ന സ്ഥിതി വിശേഷമുണ്ടാകുന്നു. ഇത്തരത്തില്‍ പാപക്കറ പുരണ്ട മനസ്സിനെ ശുദ്ധീകരിക്കാന്‍, പാപമോചനത്തിന്റെ മാര്‍ഗം സ്വീകരിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. 

നമ്മുടെ ശരീരത്തിനും മനസ്സിനും ശക്തമായ നിയന്ത്രണം സാദ്ധ്യമാക്കുക എന്നതാണ് നോമ്പ് കൊണ്ട് ചെയ്യേണ്ടത്. മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്ന പൈശാചിക ശക്തി പ്രബലമാകുന്നത് ശരീരം ആഗ്രഹിക്കുന്ന ആസ്വാദനങ്ങളിലൂടെയാണ്. കണ്ണ്, മൂക്ക്, കൈ, പാദം, നാവ്, ചെവി, ലിംഗം തുടങ്ങിയവയിലൂടെയാണ്‌ ആസ്വാദനം നടക്കുന്നത്. അതിനാല്‍ നന്മ മാത്രം ചിന്തിക്കുക, പറയുക, കേള്‍ക്കുക, പ്രവര്‍ത്തിക്കുക... എങ്കില്‍ മാത്രമേ നോമ്പിന്റെ ഫലം ലഭിക്കുകയുള്ളൂ.

വര്‍ഷത്തിലെ പന്ത്രണ്ടു മാസങ്ങളില്‍, ഖുര്‍ആന്‍ പേരെടുത്തു പറഞ്ഞ മാസമാണ് റമദാന്‍. അതിന്റെ ആഗമനത്തോടെ പിശാചുകള്‍ ബന്ധനത്തിലാക്കപ്പെടും. സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടക്കപ്പെടുകയും ചെയ്യും. നന്മ ആഗ്രഹിക്കുന്നവരോട് മുന്നോട്ടു വരുവാനും തിന്മ ആഗ്രഹിക്കുന്നവരോട് പിന്നോട്ട് പോകുവാനും ആഹ്വാനം ചെയ്യപ്പെടും. സുന്നത്ത് എടുക്കുന്നവര്‍ക്ക് മറ്റു മാസങ്ങളിലെ ഒരു ഫര്‍ളിന്റെ പ്രതിഫലം ലഭിക്കുകയും പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയും ചെയ്യുന്ന മാസമാണ് റമദാന്‍. ഇവയെല്ലാം യഥാവിധി ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ജീവിത വിജയം സുനിശ്ചിതം. അത്തരക്കാരില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തുമാറാകട്ടെ... ആമീന്‍