Saturday, July 30, 2011

റമദാന്‍

ഇസ്‌ലാം മതത്തിന്റെ പഞ്ച-സ്തംഭങ്ങളില്‍ നാലാമത്തേതും, ഇസ്ലാമിക വിശ്വാസപ്രകാരം പുണ്യമാക്കപ്പെട്ടതും അനുഗ്രഹീതവും, ഭക്തിനിര്‍ഭരവും, ശാരീരികമായും മാനസികമായും ഗുണപരവുമായ മാസമാണ് റമദാന്‍. ഹിജ്റ വര്‍ഷത്തില്‍ ഒമ്പതാമത് മാസമാണ് റമദാന്‍. മാസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമാക്കപ്പെട്ടതും ഈ പുണ്യമാസം തന്നെ. പരിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ടതും ഈ മാസത്തിലാണ് എന്നത് ഈ മാസത്തിനു അല്ലാഹു നല്‍കിയ മഹത്വത്തെ വെളിവാക്കുന്നു.
  
     
" സത്യവിശ്വാസികളെ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പ്പിച്ചിരിക്കുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത് " - വിശുദ്ധ ഖുര്‍ആന്‍.



" ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനമായികൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ച് കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായികൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അത് കൊണ്ട് നിങ്ങളില്‍ ആര് ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വൃതമനുഷ്ടിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും നോമ്പ് എടുക്കേണ്ടതാണ്. നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം പ്രകീര്‍ത്തിക്കുവാനും, നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പ്പിച്ചിട്ടുള്ളത്‌ )." - വിശുദ്ധ ഖുര്‍ആന്‍. 



ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് റമദാന്‍ നോമ്പ്. പ്രഭാതം (ഫജരു സ്വാദിക്ക് ) മുതല്‍ അസ്തമയം വരെ നോമ്പ് മുറിയുന്ന കാര്യങ്ങളെ തൊട്ട് വെടിഞ്ഞു നില്‍ക്കുക എന്നതാണ് നോമ്പ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രായപൂര്‍ത്തി, ബുദ്ധി, ശുദ്ധി, നോമ്പിന്റെ മേല്‍ കഴിവാകല്‍ എന്നിവ ഒത്തുകൂടലാണ് നോമ്പിന്റെ ശര്‍ത്ത്. വകതിരിവായ കുട്ടികളോട് രക്ഷിതാക്കള്‍ നോമ്പ് എടുക്കാന്‍ കല്‍പ്പിക്കുകയും, പത്ത് വയസ്സുകാരന്‍ നോമ്പ് എടുത്തില്ലെങ്കില്‍ തല്ലുകയും വേണം. 



ശരീര പീഡനമല്ല നോമ്പിന്റെ ഉദ്ദേശ്യം. ആത്മസംസ്കരണവും ശരീര സംരക്ഷണവുമാണ്. നമ്മുടെ മനസ്സിന്റെ ആന്തരതലങ്ങളില്‍ ദുര്‍ബോധനങ്ങള്‍ കൊണ്ട് സ്പോടനം സൃഷ്ടിക്കുന്ന ഇബ്ലീസിനെ പ്രതിരോധിക്കാന്‍ ഏറ്റവും ശക്തമായ ഉപാധിയാണ് നോമ്പ്.  


ഒരിക്കല്‍ നബി (സ) അരുളി; "മനുഷ്യ ഹൃദയങ്ങള്‍ക്ക്‌ ചുറ്റും ഇബ്ലീസിന്റെ വലയമുണ്ടായിരുന്നെങ്കില്‍ പ്രപഞ്ചത്തിന്റെ നിഗൂഡ തലങ്ങള്‍ നോക്കി കാണാന്‍ അവര്‍ക്ക് കഴിയുമായിരുന്നു. അതിനാല്‍ വിശപ്പ്‌ (നോമ്പ്) കൊണ്ട് അവന്റെ(പിശാചിന്റെ) പ്രവേശന മാര്‍ഗം നിങ്ങള്‍ അടക്കുക." 


മനുഷ്യന്‍ ചെയ്യുന്ന പാപങ്ങളെതും അവന്റെ ആത്മവിശുദ്ധിക്ക് കോട്ടം വരുത്തും. ഓരോ പാപവും കറുത്ത പുള്ളിയായി ഹൃദയത്തില്‍ പതിയും. അതിന്റെ എണ്ണം വര്‍ദ്ധിക്കുംതോറും അവന്റെ  മനസിലെ പ്രകാശം അണഞ്ഞു കൊണ്ടിരിക്കും. അവസാനം മനുഷ്യന്‍ പിശാചിനെ അനുഗമിക്കുന്ന അവസ്ഥയില്‍ നിന്നും പിശാച് മനുഷ്യനെ അനുഗമിക്കുന്ന സ്ഥിതി വിശേഷമുണ്ടാകുന്നു. ഇത്തരത്തില്‍ പാപക്കറ പുരണ്ട മനസ്സിനെ ശുദ്ധീകരിക്കാന്‍, പാപമോചനത്തിന്റെ മാര്‍ഗം സ്വീകരിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. 

നമ്മുടെ ശരീരത്തിനും മനസ്സിനും ശക്തമായ നിയന്ത്രണം സാദ്ധ്യമാക്കുക എന്നതാണ് നോമ്പ് കൊണ്ട് ചെയ്യേണ്ടത്. മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്ന പൈശാചിക ശക്തി പ്രബലമാകുന്നത് ശരീരം ആഗ്രഹിക്കുന്ന ആസ്വാദനങ്ങളിലൂടെയാണ്. കണ്ണ്, മൂക്ക്, കൈ, പാദം, നാവ്, ചെവി, ലിംഗം തുടങ്ങിയവയിലൂടെയാണ്‌ ആസ്വാദനം നടക്കുന്നത്. അതിനാല്‍ നന്മ മാത്രം ചിന്തിക്കുക, പറയുക, കേള്‍ക്കുക, പ്രവര്‍ത്തിക്കുക... എങ്കില്‍ മാത്രമേ നോമ്പിന്റെ ഫലം ലഭിക്കുകയുള്ളൂ.

വര്‍ഷത്തിലെ പന്ത്രണ്ടു മാസങ്ങളില്‍, ഖുര്‍ആന്‍ പേരെടുത്തു പറഞ്ഞ മാസമാണ് റമദാന്‍. അതിന്റെ ആഗമനത്തോടെ പിശാചുകള്‍ ബന്ധനത്തിലാക്കപ്പെടും. സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടക്കപ്പെടുകയും ചെയ്യും. നന്മ ആഗ്രഹിക്കുന്നവരോട് മുന്നോട്ടു വരുവാനും തിന്മ ആഗ്രഹിക്കുന്നവരോട് പിന്നോട്ട് പോകുവാനും ആഹ്വാനം ചെയ്യപ്പെടും. സുന്നത്ത് എടുക്കുന്നവര്‍ക്ക് മറ്റു മാസങ്ങളിലെ ഒരു ഫര്‍ളിന്റെ പ്രതിഫലം ലഭിക്കുകയും പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയും ചെയ്യുന്ന മാസമാണ് റമദാന്‍. ഇവയെല്ലാം യഥാവിധി ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ജീവിത വിജയം സുനിശ്ചിതം. അത്തരക്കാരില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തുമാറാകട്ടെ... ആമീന്‍




       

No comments:

Post a Comment