അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളുടെ പ്രവാഹവുമായി ഒരു റമദാന്‍ കൂടി വന്നെത്തുകയായി. ഈ സുന്ദരവേളയില്‍ മനസ്സും ശരീരവും ചുറ്റുപാടുകളും റമദാന്റെ ആഗമനത്തിനുവേണ്ടി ശുഭ്രസുന്ദരമാക്കി വെക്കുന്ന വിശ്വാസികളുടെ ആനന്ദാനുഭൂതികള്‍ അനിര്‍വചനീയമാണ്. രക്ഷിതാവിന്റെ കാരുണ്യ പ്രവാഹം ഏറ്റുവാങ്ങി ആത്മീയ സുദ്ധിക്കായി ഹൃദയമൊരുക്കി കാത്തിരിക്കുന്ന വിശ്വാസികള്‍ നിര്‍ബന്ധമായും ആലോചിരിക്കേണ്ട ഒരു കാര്യമുണ്ട്. കഴിഞ്ഞ തവണ ഇതുപോലെ റമദാനെ വരവേറ്റവരില്‍ ഇന്നെത്ര പേരുണ്ട് നമ്മോടൊപ്പം. നമുക്ക് പരിചിതമായ മുഖങ്ങളിലേക്ക് കണ്ണോടിച്ചാല്‍ കഴിഞ്ഞ റമദാനില്‍ നമ്മോടൊപ്പം നോമ്പ് എടുത്തും, ഇഹ്തികാഫില്‍ മുഴുകിയും, താറാവിഹ് നമസ്കരിച്ചും, ഇഫ്താര്‍ വിരുന്നുകളിലും മറ്റും സജീവമായി പങ്കെടുത്തും റമദാനെ സ്വീകരിച്ചവരില്‍ പലരും ഇന്ന് നമ്മോടൊപ്പമില്ല. അവരുടെ കബറിടം അല്ലാഹു സ്വര്‍ഗ്ഗ പൂങ്കാവനമാക്കി മാറ്റുകയും, ശാന്തിയും സമാധാനവും നല്‍കുകയും ചെയ്യുമാറാകട്ടെ. ആമീന്‍.
ആരാധനയുടെ വസന്തമായ റമദാന് സ്വാഗതം..! പാപമോചനത്തിന്റെ മാസമാണിത്. റമദാനില്‍ അല്ലാഹു തന്റെ അടിമകള്‍ക്കായി സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറന്നിടുകയും നരകത്തിന്റെ വാതിലുകള്‍ അടക്കുകയും ചെയ്തിരിക്കുന്നു. പിശാചുകളെ പിടിച്ചു കെട്ടുകയും, സത്കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്ക് മറ്റ് മാസത്തേക്കാള്‍ ഇരട്ടി പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. നമ്മള്‍ ഒരു കാര്യം തീര്‍ച്ചയായും ചിന്തിക്കേണ്ടതുണ്ട്. അടുത്ത റമദാന്‍ മാസത്തെ എതിരേല്‍ക്കാന്‍ നാം ഉണ്ടാകുമോ എന്നുറപ്പില്ല. അങ്ങിനെയൊരു ഭാഗ്യം അല്ലാഹു നമുക്ക് നല്‍കുമോ എന്ന കാര്യം നിശ്ചയമില്ല.അല്ലാഹു പറയുന്നു " ഒരു നഫ്സിനെയും അവധിയെത്തിയാല്‍ അല്ലാഹു പിന്തിക്കുന്നതല്ല" ആയതിനാല്‍ ഇനിയും ഒരവസരം ലഭിച്ചേക്കില്ല എന്ന കാര്യം മനസ്സിലോര്‍ത്ത് കൊണ്ട് ഇപ്പോള്‍ കൈവന്നിരിക്കുന്ന അവസരം മുതലെടുക്കുക. ഫര്‍ളുകളും സുന്നത്തുകളും പരമാവധി വര്‍ധിപ്പിക്കുക. കൂടാതെ ഈ മാസത്തില്‍ നമ്മുക്കെന്തെല്ലാം സത്കര്‍മ്മങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കുകയും അതു പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഈ മാസത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും തസ് ബിഹ് ചൊല്ലുകയും ചെയ്യുക.
മനുഷ്യന് ആസ്വാദ്യകരവും ആനന്ദകരവുമായ താത്പര്യങ്ങളെ നിയന്ത്രിച്ച് ആത്മ സംയമനം ഉള്‍കൊള്ളുന്നതിലാണ് നോമ്പിന്റെ മഹത്വം കുടികൊള്ളുന്നത്. ശാരീരിക ചലനങ്ങളിലും മാനസിക വ്യവഹാരങ്ങളിലും ഈ നിയന്ത്രണം ഉണ്ടായിരിക്കണം. അനാവശ്യങ്ങള്‍ പറയുകയോ പ്രവര്‍ത്തിക്കുകയോ ചിന്തിക്കുകയോ ചെയ്യരുത്. എങ്കില്‍ മാത്രമേ നോമ്പിന്റെ ഗുണം ലഭിക്കൂ. "കുറ്റകരമായ വാക്കുകളും പ്രവര്‍ത്തിയും ഉപേക്ഷിക്കാതെ നോമ്പ് എന്ന പേരില്‍ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിനു താത്പര്യമില്ല". ആയതിനാല്‍ നോമ്പിന്റെ പവിത്രത കളഞ്ഞു കുളിക്കാതെ, വളരെ സൂക്ഷ്മതയോടു കൂടി നോമ്പ് എടുക്കുക.
"ശഹബാന്‍ മാസം വരെ തെറ്റുകള്‍ ചെയ്തവരെ..., നിങ്ങള്‍ക്കിതാ നോമ്പിന്റെ മാസം തണലായി വന്നിരിക്കുന്നു. അതിനെ കൂടി പാപത്തിന്റെ മാസമാക്കാതെ സൂക്ഷിക്കുക."
റമദാനെ അതര്‍ഹിക്കുന്ന ആദരവോടെ ഉള്‍ക്കൊള്ളാനും പാപമോചനത്തിനും നരകമോക്ഷത്തിനും ഉതകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്ത് അതിനെ ധന്യമാക്കുവാനും അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ... ആമീന്‍.
No comments:
Post a Comment